മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിൽ യുഎന്നിൽ ആശങ്കയറിയിച്ച് ഇന്ത്യ
മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. മേഖലയിലെ സംഘർഷം ഉടൻ കുറയ്ക്കണമെന്നും സൈനിക നടപടികൾ അവസാനിപ്പിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും വാണിജ്യ കപ്പലുകൾക്കുമെതിരായ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു.
യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. മധ്യപൂർവേഷ്യയുടെ സുരക്ഷയും സ്ഥിരതയും ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏകദേശം ഒരു കോടി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ സുരക്ഷയും ക്ഷേമവും ഇന്ത്യയുടെ പ്രധാന പരിഗണനയാണെന്നും വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ ആളപായമുണ്ടായതും ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. റിയാദിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മുഹമ്മദ് യൂസഫ് അലിയുടെ മരണവും ഇന്ത്യയുടെ യുഎൻ പ്രതിനിധി പരാമർശിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നതായും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്കും കപ്പൽ ജീവനക്കാർക്കുമെതിരായ ആക്രമണങ്ങൾ നിയമപരമായും ധാർമികമായും ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യൻ നാവിക ജീവനക്കാരും അപകടസാധ്യത നേരിടുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്കായി സഹായം നൽകിയ ഒമാൻ, യുഎഇ അധികൃതരോടും ഇന്ത്യ നന്ദി അറിയിച്ചു.
മധ്യപൂർവേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനൊപ്പം അന്താരാഷ്ട്ര കപ്പൽഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം നീണ്ടുപോയാൽ ഊർജവിതരണം, വ്യാപാരം, മേഖലയിലെ ജനങ്ങളുടെ ജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും കപ്പൽ ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ച് നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാട്.