ഇന്ത്യയ്ക്ക് ഇനി ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള വനിത; 2015 മുതൽ മുടി മുറിച്ചിട്ടില്ല
ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിനിയായ രേണു ധരിയാൽ ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള ജീവിച്ചിരിക്കുന്ന വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. രേണുവിന്റെ മുടിക്ക് 271.50 സെന്റിമീറ്റർ (8 അടി 10 ഇഞ്ച്) നീളമുണ്ട്. ഹൽദ്വാനിയിൽ നടത്തിയ പരിശോധനയിലാണ് റെക്കോർഡ് സ്ഥിരീകരിച്ചത്.
2015 മുതൽ രേണു മുടി മുറിച്ചിട്ടില്ല. ഏകദേശം ഒരു ദശാബ്ദത്തോളം മുടി തുടർച്ചയായി വളർത്തിയെടുത്താണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യൻ സംസ്കാരത്തിൽ നീളമുള്ള മുടിക്ക് ലഭിക്കുന്ന പ്രാധാന്യവും സൗന്ദര്യസങ്കൽപ്പവുമാണ് മുടി നീട്ടിവളർത്താനുള്ള പ്രചോദനങ്ങളിലൊന്നെന്ന് രേണു ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു.
നേരത്തെ ഉക്രെയ്ൻ സ്വദേശിനിയായ അലിയ നസിറോവയുടെ 257.33 സെന്റിമീറ്റർ നീളമുള്ള മുടിയായിരുന്നു ഈ റെക്കോർഡിന് ഉടമ. രേണുവിന്റെ മുടി മുൻ റെക്കോർഡിനേക്കാൾ 14 സെന്റിമീറ്ററിലധികം നീളമുള്ളതാണ്.
ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് എളുപ്പമല്ല. മുടി കഴുകാനും കെട്ടുപിണഞ്ഞത് അഴിച്ചെടുക്കാനും മണിക്കൂറുകൾ വേണ്ടിവരുമെന്ന് രേണു പറയുന്നു. പ്രകൃതിദത്തമായ രീതികൾക്ക് പ്രാധാന്യം നൽകുന്ന അവർ വീട്ടിൽ തയ്യാറാക്കുന്ന എണ്ണകളും ഷാംപൂകളും ഉപയോഗിക്കുന്നതായും പറയുന്നു.
രേണു ഒരു കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമാണ്. നീളമുള്ള മുടിയുടെ പരിപാലനത്തെക്കുറിച്ചും സൗന്ദര്യപരിചരണത്തെക്കുറിച്ചും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. വർഷങ്ങളായുള്ള ക്ഷമയും സ്ഥിരതയും ഒടുവിൽ ഗിന്നസ് റെക്കോർഡായി മാറിയിരിക്കുകയാണ്.