വേൾഡ്‌സ്‌കിൽസ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വെള്ളിമെഡലുകൾ
ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായിൽ നടന്ന 48-ാമത് വേൾഡ്‌സ്‌കിൽസ് മത്സരത്തിൽ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. വിവിധ മേഖലകളിലായി നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം ആറ് വെള്ളിമെഡലുകളും 20 മെഡൽസ് ഫോർ എക്സലൻസും സ്വന്തമാക്കി. സെപ്റ്റംബർ 23 മുതൽ 26 വരെയാണ് വേൾഡ്‌സ്‌കിൽസ് മത്സരം നടന്നത്.
ഇന്ത്യ ഇത്തവണ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സംഘത്തെയാണ് മത്സരത്തിനായി അയച്ചത്. 63 വിഭാഗങ്ങളിലായി 70 മത്സരാർഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ആഗോളതലത്തിൽ 68 രാജ്യങ്ങളിൽനിന്നും മേഖലകളിൽനിന്നുമായി 1,400-ലധികം യുവ മത്സരാർഥികൾ 64 നൈപുണ്യ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT)യുടെ വിദ്യാർഥികളും വിദഗ്ധരും മത്സരത്തിൽ ഇന്ത്യയ്ക്കായി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ഫാഷൻ ടെക്‌നോളജി, ഡിജിറ്റൽ ഇന്ററാക്ടീവ് മീഡിയ ഡിസൈൻ, റീട്ടെയിൽ സെയിൽസ്, വിഷ്വൽ മെർച്ചൻഡൈസിംഗ് എന്നീ വിഭാഗങ്ങളിലാണ് NIFT പ്രതിനിധികൾ പങ്കെടുത്തത്.
NIFT പ്രതിനിധികൾക്ക് രണ്ട് വെള്ളിമെഡലുകളും ഒരു മെഡൽ ഫോർ എക്സലൻസും ലഭിച്ചു. ഫാഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യ, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ പ്രായോഗിക നൈപുണ്യങ്ങൾക്ക് അന്താരാഷ്ട്ര വേദിയിൽ ലഭിച്ച അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ നൈപുണ്യ പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തൊഴിൽപരമായ നൈപുണ്യ മേഖലകളിൽ ഇന്ത്യൻ യുവതലമുറയുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിൽ വേൾഡ്‌സ്‌കിൽസ് മത്സരത്തിലെ ഇത്തവണത്തെ പ്രകടനം ശ്രദ്ധേയമായി.