വിദേശ അക്കൗണ്ടുകൾക്ക് പകരം ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ; സൈബർ തട്ടിപ്പുകാർ പുതിയ തന്ത്രവുമായി

 
National

സൈബർ തട്ടിപ്പിലൂടെ മോഷ്ടിക്കുന്ന പണം മറച്ചുവെക്കാനും കൈമാറാനുമായി തട്ടിപ്പുകാർ ഇപ്പോൾ വിദേശ ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളെയാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് BioCatch പുറത്തിറക്കിയ Digital Banking Fraud Trends in India 2026 റിപ്പോർട്ട് പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ തട്ടിപ്പ് ശൃംഖലകൾക്കെതിരായ നടപടികൾ ശക്തമായതോടെയാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. 

'മ്യൂൾ അക്കൗണ്ടുകൾ' (Money Mule Accounts) എന്നറിയപ്പെടുന്ന ഇത്തരം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി യഥാർത്ഥ പണമിടപാടിന്റെ ഉറവിടം മറയ്ക്കുന്നത്. ഇതിനായി പ്രാദേശിക ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കുറ്റവാളികൾ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, രാജ്യത്ത് എസ്‌എം‌എസ് അധിഷ്ഠിത തട്ടിപ്പുകളും മൊബൈൽ ബാങ്കിങ് തട്ടിപ്പുകളും കുത്തനെ ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. 2025-ൽ 8.5 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയതായും സൈബർ തട്ടിപ്പിനെ പ്രതിരോധിക്കാൻ ബാങ്കുകളും അന്വേഷണ ഏജൻസികളും കൂടുതൽ ഏകോപിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.