2027 മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിൽ വിസയില്ലാതെ പ്രവേശനമില്ല; പുതിയ യാത്രാ നിബന്ധനകൾ അറിയാം
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കുമെന്ന് മലേഷ്യ. മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് നവംബർ 17-ന് പുറത്തിറക്കിയ അറിയിപ്പിലാണ് തീരുമാനം വ്യക്തമാക്കിയത്. ഇതോടെ 2027 ജനുവരി ഒന്നിനോ അതിനുശേഷമോ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ യാത്രയ്ക്ക് മുമ്പ് സാധുവായ വിസ നേടേണ്ടിവരും.
നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് വിനോദസഞ്ചാരം, കുടുംബസന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി പരമാവധി 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ താമസിക്കാൻ അനുമതിയുണ്ട്. 2023 ഡിസംബർ ഒന്നിന് ആരംഭിച്ച ഈ സൗകര്യം 2026 ഡിസംബർ 31 വരെയാണ് നീട്ടിയിരുന്നത്. പുതിയ തീരുമാനത്തോടെ 2027 മുതൽ ഈ ഇളവ് ലഭിക്കില്ല.
പുതിയ വ്യവസ്ഥപ്രകാരം വിസയ്ക്കുള്ള അപേക്ഷകൾ 2026 ഡിസംബർ ഒന്നുമുതൽ മലേഷ്യയുടെ ഔദ്യോഗിക MyVISA ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാം. യാത്രയ്ക്ക് മുമ്പുതന്നെ വിസ അംഗീകാരം നേടിയിരിക്കണം. വിസ അപേക്ഷയ്ക്കായി അടയ്ക്കുന്ന ഫീസ് അപേക്ഷ നിരസിച്ചാലും യാത്രാപദ്ധതികൾ മാറിയാലും തിരികെ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിസ രഹിത പ്രവേശന സൗകര്യം ദുരുപയോഗം ചെയ്ത് ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായി മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദസഞ്ചാരത്തിനുള്ള അനുമതി ഉപയോഗിച്ച് തൊഴിൽ തേടുന്നത് നിയമവിരുദ്ധമാണെന്നും വ്യാജ തൊഴിൽവാഗ്ദാനങ്ങളിൽ വീഴരുതെന്നും ഹൈക്കമ്മീഷൻ നിർദേശിച്ചിരുന്നു. ശരിയായ തൊഴിൽ അനുമതിയില്ലാതെ എത്തുന്നവർക്ക് നിയമനടപടികളും നാടുകടത്തലും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ പുതുവത്സര അവധിക്കാലം ഉൾപ്പെടെ 2027-ലെ യാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യക്കാർ വിസ നടപടികൾ നേരത്തേ പൂർത്തിയാക്കേണ്ടിവരും. യാത്രയ്ക്ക് ആവശ്യമായ പാസ്പോർട്ട് കാലാവധി, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകൾ, മറ്റ് പ്രവേശന നിബന്ധനകൾ എന്നിവയും യാത്രയ്ക്ക് മുമ്പ് പരിശോധിക്കേണ്ടതാണ്.