രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് വഴിയൊരുങ്ങുന്നു

എന്താണ് പ്രത്യേകത? എങ്ങനെ പ്രവർത്തിക്കും?
 
National

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാനൊരുങ്ങുന്നു. ഹരിയാനയിലെ ജിന്ദ്–സോനിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുക. സുരക്ഷാ പരീക്ഷണങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിച്ച് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവരില്ല; ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത്. അതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായാണ് ഇതിനെ വിലയിരുത്തുന്നത്. 

പത്ത് കോച്ചുകളുള്ള ട്രെയിനിൽ 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. പരമാവധി മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സർവീസ് നടത്തുക. ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും പ്രവേശിക്കും. 

ട്രെയിനിന് ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. ഡീസൽ ട്രെയിനുകളെ അപേക്ഷിച്ച് ശബ്ദവും മലിനീകരണവും കുറയ്ക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ കൂടുതൽ റൂട്ടുകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. 

പൂർണമായും വൈദ്യുതീകരണം പ്രായോഗികമല്ലാത്ത റെയിൽപാതകളിൽ ഹൈഡ്രജൻ ട്രെയിനുകൾ മികച്ച ബദലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയുടെ ഹരിത ഊർജ നയത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യത്തിനും ഈ പദ്ധതി നിർണായക ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്.