വെനസ്വേലയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; 'ഓപ്പറേഷൻ അമിസ്റ്റാഡ്' ആരംഭിച്ച് ഫീൽഡ് ആശുപത്രിയും ദുരിതാശ്വാസ സാമഗ്രികളും അയച്ചു

 
National

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ ആരംഭിച്ച മാനുഷിക ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഇന്ത്യൻ വ്യോമസേനാ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ ഫീൽഡ് ആശുപത്രി യൂണിറ്റും 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വെനസ്വേലയിലേക്ക് അയച്ചു. 

രണ്ട് BHISHM Cubes എന്ന അതിവേഗ അടിയന്തര മെഡിക്കൽ സഹായ സംവിധാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തര ചികിത്സയും ശസ്ത്രക്രിയാ സൗകര്യങ്ങളും ഒരുക്കാൻ ഇവ സഹായിക്കും. കൂടാതെ 41 അംഗ പ്രത്യേക മെഡിക്കൽ സംഘത്തെയും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 'ഓപ്പറേഷൻ അമിസ്റ്റാഡ്' പ്രഖ്യാപിച്ച് വെനസ്വേല സർക്കാരിനും ജനങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. 

വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 235 പേർ മരിക്കുകയും 4,300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്.