ഇനി ലണ്ടനിലേക്ക് ഇൻഡിഗോ സർവീസില്ല; ബോയിങ് 787 ഡ്രീംലൈനർ പദ്ധതി അവസാനിപ്പിക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ലണ്ടനിലേക്കുള്ള സർവീസുകൾ താൽക്കാലികമായി അവസാനിപ്പിക്കാനും ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചിരുന്ന ദീർഘദൂര സർവീസ് പദ്ധതി അവസാനിപ്പിക്കാനും തീരുമാനിച്ചു. ഒക്ടോബർ അവസാനത്തോടെ നോർസ് അറ്റ്ലാന്റിക് എയർവേസിൽ നിന്ന് പാട്ടത്തിനെടുത്ത എല്ലാ ബോയിങ് 787-9 വിമാനങ്ങളും കമ്പനി തിരിച്ചുനൽകും.
ഭൂരാഷ്ട്രീയ സംഘർഷങ്ങൾ, വ്യോമപാത നിയന്ത്രണങ്ങൾ, ഉയർന്ന ഇന്ധനച്ചെലവ്, നാണയവിനിമയ സമ്മർദം എന്നിവ മൂലം ദീർഘദൂര സർവീസുകളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി ഉയർന്നതോടെയാണ് പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇൻഡിഗോ അറിയിച്ചു.
ഒക്ടോബർ 25 മുതൽ മുംബൈ–ആംസ്റ്റർഡാം സർവീസ് എയർബസ് A321XLR വിമാനങ്ങൾ ഉപയോഗിച്ചാകും നടത്തുക. അതേസമയം, എയർബസ് A350-900 വൈഡ്‌ബോഡി വിമാനങ്ങൾ കമ്പനിക്ക് ലഭിക്കുന്നതുവരെ ലണ്ടൻ ഹീത്രോ സർവീസുകൾ നിർത്തിവെക്കും. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യമോ പണം തിരിച്ചുനൽകലോ ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി.