'വന്ദേ മാതരം' അപമാനിച്ചാൽ ക്രിമിനൽ കുറ്റം; നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

 
National

വന്ദേ മാതരം' ദേശീയഗാനത്തെ അപമാനിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതിയുമായി രംഗത്തെത്തി. ഇതുസംബന്ധിച്ച പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ, 2026 പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിവസം രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് സർക്കാർ അജൻഡയിൽ വ്യക്തമാക്കിയിരിക്കുന്നത്. 

1971-ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. പുതിയ ഭേദഗതിയിലൂടെ ദേശീയഗാനമായ 'ജന ഗണ മന'യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ദേശീയഗീതമായ 'വന്ദേ മാതര'ത്തിനും നൽകാനാണ് ലക്ഷ്യമിടുന്നത്. 

ബിൽ പാസായാൽ 'വന്ദേ മാതരം' ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന തരത്തിലാണ് വ്യവസ്ഥകൾ.