‘Prof’ ആണോ ‘Proff’ ആണോ? ഒരു ‘F’ അധികമായതോടെ പ്രമുഖ ശാസ്ത്രജ്ഞന് SIR നോട്ടീസ്
ബെംഗളൂരു: പേരിലെ ഒരു അക്ഷരത്തെറ്റിന്റെ പേരിൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ SIR നോട്ടീസ്. കർണാടകയിലെ വോട്ടർപട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്കിടെയാണ് 92കാരനായ ശാസ്ത്രജ്ഞന്റെ പേരിൽ ‘self-name mismatch’ കണ്ടെത്തിയത്.
2002ലെ പഴയ വോട്ടർപട്ടികയിൽ പേര് ‘Prof CNR Rao’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിലെ പട്ടികയിൽ ‘Prof’ എന്നതിന് പകരം ‘Proff’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ‘F’ എന്ന ഒരു അക്ഷരം അധികമായി ചേർന്നു. ഈ വ്യത്യാസമാണ് തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനായി നോട്ടീസ് നൽകാൻ കാരണമായത്.
SIR നടപടിയുടെ ഭാഗമായി പഴയ വോട്ടർപട്ടികയിലെ വിവരങ്ങളും നിലവിലെ രേഖകളിലെ വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് ‘self-name mismatch’ രേഖപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം റാവുവിനോട് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് സമീപം നടക്കുന്ന ഹിയറിങ്ങിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംഭവത്തിൽ പിന്നീട് മാറ്റമുണ്ടായി. ഹിയറിങ്ങിനായി റാവുവിന് നേരിട്ട് കേന്ദ്രത്തിലെത്തേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ബെംഗളൂരുവിലെ വസതിയിലെത്തി പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചതായി റിപ്പോർട്ടുണ്ട്. നോട്ടീസ് പുറത്തുവന്നതിനെ തുടർന്നുണ്ടായ പ്രതികരണങ്ങൾക്കിടെയാണ് ഈ തീരുമാനം.
ഇന്ത്യൻ ശാസ്ത്രലോകത്തെ ഏറ്റവും പ്രമുഖരായ വ്യക്തികളിലൊരാളാണ് സി.എൻ.ആർ. റാവു. സോളിഡ്-സ്റ്റേറ്റ്, സ്ട്രക്ചറൽ കെമിസ്ട്രി മേഖലകളിലെ സംഭാവനകൾക്ക് പുറമെ IISc-യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ശാസ്ത്രനയ രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2014ൽ ഭാരതരത്നം ലഭിച്ച അദ്ദേഹം ഈ പരമോന്നത സിവിലിയൻ ബഹുമതി നേടിയ മൂന്നാമത്തെ ശാസ്ത്രജ്ഞനാണ്.