‘റം’ അല്ല Old Monk? FSSAIയുടെ വാദം; ബോട്ടിലിലെ ലേബലും മാറും, നിർണായകമായി ബോംബെ ഹൈക്കോടതി
‘റം’ എന്ന പേരിൽ പതിറ്റാണ്ടുകളായി പരിചിതമായ Old Monk-നെ ചുറ്റിപ്പറ്റി പുതിയ വിവാദം. ഉൽപ്പന്നത്തെ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്ന് FSSAI ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പകരം ‘റം-ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന രീതിയിൽ വിശേഷിപ്പിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിലപാട്.
ഉൽപ്പന്നത്തിന്റെ ലേബലിനെക്കുറിച്ചുള്ള പ്രശ്നം മാത്രമല്ല FSSAI ഉന്നയിച്ചത്. കുപ്പിക്കുള്ളിലെ പ്രധാന സ്പിരിറ്റിന്റെ സ്വഭാവവും അതിൽ ചേർക്കുന്ന ഫ്ലേവറിംഗുമാണ് നിർണായകമെന്ന് അധികൃതർ കോടതിയിൽ വ്യക്തമാക്കി. നിർമ്മാതാവ് പരിഷ്കരിച്ച ലേബലുകൾ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് അവ പരിശോധിക്കാൻ FSSAI കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം കരിമ്പ് നീര്, കരിമ്പിൻ മൊളാസസ് തുടങ്ങിയവയിൽ നിന്ന് പുളിപ്പിച്ച് വാറ്റിയെടുത്ത സ്പിരിറ്റാണ് റം. ഉൽപ്പന്നത്തിന് റമ്മിന്റെ സ്വാഭാവികമായ സ്വഭാവവും രുചിയും മണവും ഉണ്ടായിരിക്കണമെന്നും ചട്ടം വ്യക്തമാക്കുന്നു.
ഇതിനിടെ, വിവിധ മദ്യ ബ്രാൻഡുകളുടെ സാമ്പിളുകളിൽ ന്യൂട്രൽ സ്പിരിറ്റിനൊപ്പം പുറത്തുനിന്നുള്ള ഫ്ലേവറുകൾ ചേർത്ത് യഥാർഥ ഉൽപ്പന്നത്തിന്റെ സ്വഭാവം അനുകരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് FSSAI നടപടി സ്വീകരിച്ചിരുന്നു. Old Monk-ന്റെ ചില വകഭേദങ്ങളും ഈ നടപടിയിൽ ഉൾപ്പെട്ടിരുന്നു.
Old Monk-ന്റെ പേരിനെയും അതിന്റെ രുചിയെയും ചുറ്റിപ്പറ്റിയുള്ള വലിയ ആരാധകവൃന്ദത്തിനിടയിൽ പുതിയ സംഭവവികാസം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ അന്തിമമായി ഉൽപ്പന്നം ഏത് പേരിൽ വിപണനം ചെയ്യാമെന്ന കാര്യത്തിൽ FSSAIയുടെ പരിശോധനയും കോടതിയിലെ തുടർനടപടികളും നിർണായകമാകും.