ശിവസേന (യുബിടി)യിൽ വീണ്ടും പിളർപ്പോ? 6 എംപിമാർക്ക് പിന്നാലെ 3 എംഎൽഎമാർ നിർണായക യോഗത്തിൽ നിന്ന് വിട്ടുനിന്നത് ചർച്ചയാകുന്നു

 
National

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചനകൾ ശക്തമാകുന്നു. പാർട്ടിയിലെ ആറ് ലോക്സഭാ എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നതിന് പിന്നാലെ, മൂന്ന് എംഎൽഎമാരും ഒരു എംഎൽസിയും പാർട്ടിയുടെ നിർണായക തന്ത്രയോഗത്തിൽ പങ്കെടുക്കാതിരുന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. 

നിയമസഭാ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് ഉദ്ധവ് താക്കറെ എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗം വിളിച്ചത്. പാർട്ടിയുടെ തുടർനിലപാടുകൾ ചർച്ച ചെയ്യാനും ഐക്യം പ്രകടിപ്പിക്കാനുമായിരുന്നു യോഗം. എന്നാൽ എംഎൽഎമാരായ ഡേർക്കർ, രാഹുൽ പാട്ടീൽ, സഞ്ജയ് പോട്നിസ്, എംഎൽസിയായ സുനിൽ ഷിൻഡെ എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. 

അതേസമയം, യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട നേതാക്കൾ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ശിവസേന (യുബിടി) നേതൃത്വം വിശദീകരിച്ചത്. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ എന്നിവയാണ് അസാന്നിധ്യത്തിന് കാരണമെന്നും നേതൃത്വം വ്യക്തമാക്കി. 

ആറ് എംപിമാരുടെ കൂട്ടരാജിക്ക് പിന്നാലെ കൂടുതൽ എംഎൽഎമാരും ഷിൻഡെ പക്ഷത്തേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ, ശേഷിക്കുന്ന 22 നിയമസഭാംഗങ്ങൾ യോഗത്തിൽ പങ്കെടുത്ത് ഉദ്ധവ് താക്കറെയോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തത് ഐക്യത്തിന്റെ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. 

യോഗത്തിൽ ഉദ്ധവ് താക്കറെ, കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, ജലക്ഷാമം തുടങ്ങിയ ജനകീയ വിഷയങ്ങൾ നിയമസഭയിൽ ശക്തമായി ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി അംഗങ്ങളോട് നിർദേശിച്ചു. വിമത എംപിമാരുടെ മണ്ഡലങ്ങളിൽ പാർട്ടി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനും നേതാക്കൾക്ക് അദ്ദേഹം നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.