ജോലിസ്ഥലത്ത് POSH കമ്മിറ്റി ഇല്ലേ? നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങൾക്ക് എൻസിഡബ്ല്യുവിന്റെ നിർദേശം

 
Nat

ജോലിസ്ഥലങ്ങളിലെ സ്ത്രീസുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദേശവുമായി ദേശീയ വനിതാ കമ്മീഷൻ (NCW). POSH (Prevention of Sexual Harassment) നിയമം കൃത്യമായി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എല്ലാ സ്ഥാപനങ്ങളും നിയമപ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (Internal Committee) നിർബന്ധമായും രൂപീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. 

സർക്കാർ, സ്വകാര്യ, സംഘടിത, അസംഘടിത മേഖലകൾ ഉൾപ്പെടെ എല്ലാ തൊഴിൽസ്ഥാപനങ്ങളും POSH നിയമം പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാനങ്ങൾ നിരീക്ഷിക്കണം. ഇതിനായി സംസ്ഥാനതല POSH മോണിറ്ററിംഗ് സെല്ലുകൾ, ഡിജിറ്റൽ കോംപ്ലയൻസ് ഡാഷ്ബോർഡുകൾ എന്നിവ സ്ഥാപിക്കാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ 10-ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും വാർഷിക POSH ഓഡിറ്റ് നിർബന്ധമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

പരാതിക്കാരെയും സാക്ഷികളെയും POSH കമ്മിറ്റി അംഗങ്ങളെയും ഭീഷണിപ്പെടുത്തൽ, പ്രതികാര നടപടി, അനാവശ്യ സ്ഥലംമാറ്റം, തൊഴിൽ വിവേചനം എന്നിവയിൽ നിന്ന് സംരക്ഷിക്കണമെന്നും എൻസിഡബ്ല്യു ഊന്നിപ്പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് എല്ലാ തൊഴിലുടമകളുടെയും നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി. 

സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും POSH സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശമുണ്ട്. വിദ്യാർത്ഥികൾ, ഇന്റേൺമാർ, പരിശീലനാർഥികൾ, കരാർ ജീവനക്കാർ എന്നിവരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും അയച്ചിരിക്കുന്ന ഈ നിർദേശം രാജ്യത്തുടനീളം POSH നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകൾക്ക് സുരക്ഷിതവും വിവേചനരഹിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.