'ഞങ്ങളുടെ നികുതിപ്പണമാണ് നിങ്ങളെ നടത്തുന്നത്'

ഐഐടി റൂർക്കിക്കെതിരെ മഹുവ മൊയ്ത്രയുടെ വിമർശനം
 
National

ഐഐടി റൂർക്കി വിദ്യാർഥികൾക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനങ്ങളിലും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രസ്താവനകളിലും മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന അഡ്വൈസറി പുറത്തിറക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 

“ഞങ്ങളുടെ നികുതിപ്പണമാണ് നിങ്ങളെ നടത്തുന്നത്. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനുള്ള ഭരണഘടനാപരമായ അവകാശവും വിദ്യാർഥികളിൽ നിന്ന് കവർന്നെടുക്കാൻ ശ്രമിക്കരുത്. ഈ ഇമെയിൽ പിൻവലിച്ച് മാപ്പ് പറയണം,” എന്നാണ് മഹുവ മൊയ്ത്ര എക്‌സിൽ കുറിച്ചത്. 

അതേസമയം, വിവാദമായ അഡ്വൈസറി പുതിയ നിർദേശമല്ലെന്നും എല്ലാ അധ്യയന വർഷത്തിന്റെ തുടക്കത്തിലും നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി പതിവായി നൽകുന്ന ആഭ്യന്തര അറിയിപ്പാണിതെന്നും ഐഐടി റൂർക്കി വിശദീകരിച്ചു. അഡ്വൈസറി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അധികൃതർ അറിയിച്ചു.