'വിദ്യാഭ്യാസ വിപ്ലവത്തിന് സമയമായി'; മഹാരാഷ്ട്ര ടി.ഇ.ടി പരീക്ഷയ്ക്ക് പുതിയ തീയതി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

 
National

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടി.ഇ.ടി.) ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിച്ചു. പരീക്ഷയ്ക്ക് പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഏകദേശം ആറ് ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പരീക്ഷ റദ്ദായതിന്റെ പേരിൽ പ്രായപരിധി ബാധിക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രായ ഇളവ് നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

"സംവിധാനത്തിന്റെ വീഴ്ചയ്ക്ക് വിദ്യാർഥികളാണ് വില നൽകുന്നത്. ഇത് നീതിയല്ല. കഠിനാധ്വാനം ചെയ്യുന്ന യുവാക്കൾക്ക് അവരുടെ പ്രയത്നത്തിന് അർഹമായ അവസരം ലഭിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ വിപ്ലവത്തിനാണ് ഇപ്പോൾ സമയം വന്നിരിക്കുന്നത്," എന്നാണ് രാഹുൽ ഗാന്ധി എക്‌സിലെ കുറിപ്പിൽ പറഞ്ഞത്. പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വിശ്വാസ്യതയെ തകർക്കുന്നതായും അദ്ദേഹം വിമർശിച്ചു.