ജന്തർ മന്തർ സംഘർഷം; വിദ്യാർഥിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി യുവാവ്

 
National

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണം നേരിടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭാർദ്വാജ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ആൾക്കൂട്ടത്തിൽ നിന്ന് തനിക്കെതിരെ ആക്രമണശ്രമമുണ്ടായ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്നും സ്വയംരക്ഷയ്ക്കായാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുമ്പ് വള ഉപയോഗിച്ച് വിദ്യാർഥിയുടെ പിതാവിന്റെ തലയിൽ അടിച്ചുവെന്ന ആരോപണമാണ് ഭാർദ്വാജിനെതിരെ ഉയർന്നത്. സമാനമായ സാഹചര്യം വീണ്ടും ഉണ്ടായാൽ താൻ വീണ്ടും പ്രതികരിക്കുമെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്.

അതേസമയം, സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സി.ജെ.പി പ്രവർത്തകർ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കേസിൽ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഭാർദ്വാജിനെയും സുരജ് കുമാറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കും നോട്ടീസ് നൽകിയതായും നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം, ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലുണ്ടായെന്ന പ്രചാരണം വസ്തുതാപരമല്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ആർ.എം.എൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ പരിക്കുകൾ സ്വഭാവത്തിൽ ഗുരുതരമല്ലെന്നാണ് രേഖപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ തുടർനടപടികളിലാണ് ഇനി ശ്രദ്ധ.