ജാർഖണ്ഡ് വിദ്യാർഥി പ്രതിഷേധം: ബാരിക്കേഡുകൾ മറികടന്ന് ഉദ്യോഗാർഥികൾ

പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി കസ്റ്റഡിയിൽ
 
National

റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തുന്ന പ്രതിഷേധം ശക്തമായി. നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനിടെ പ്രതിഷേധക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. 

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുക, ബന്ധപ്പെട്ട പരീക്ഷകൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്നത്. സർക്കാർ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാർ സമരം തുടരുകയാണ്. 

അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി ഉൾപ്പെടെ ഏകദേശം 50 ബിജെപി പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. ഇവരിൽ 21 എംഎൽഎമാരും ഉൾപ്പെടുന്നു. 

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭയ്ക്ക് ചുറ്റും 750 മീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സമരം സമാധാനപരമായി തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.