ജാർഖണ്ഡ് വിദ്യാർഥി പ്രതിഷേധം: റാഞ്ചിയിൽ നിയമസഭയിലേക്ക് മാർച്ച് ആരംഭിച്ചു
റാഞ്ചി: സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം 17-ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഇന്ന് റാഞ്ചിയിൽ നിയമസഭയിലേക്ക് മാർച്ച് ആരംഭിച്ചു. സമരം സമാധാനപരമായി നടത്തുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തുക, പരീക്ഷാ നടപടികളിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് വ്യക്തമായ പരിഹാരമാകാത്തതിനെ തുടർന്നാണ് നിയമസഭാ മാർച്ചിന് ആഹ്വാനം ചെയ്തത്.
റാഞ്ചിയിലെ പഴയ നിയമസഭാ പരിസരത്ത് ഒത്തുകൂടിയ വിദ്യാർഥികളാണ് പുതിയ നിയമസഭാ മന്ദിരം ലക്ഷ്യമാക്കി മാർച്ച് നടത്തുന്നത്. പ്രതിഷേധക്കാർ അച്ചടക്കം പാലിക്കണമെന്നും സമരം സമാധാനപരമായി തുടരണമെന്നും വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടു.
മാർച്ചിന്റെ പശ്ചാത്തലത്തിൽ നിയമസഭയ്ക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭയ്ക്ക് 750 മീറ്റർ ചുറ്റളവിൽ ഓഗസ്റ്റ് 6 മുതൽ 12 വരെ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ പ്രതിഷേധം സമാധാനപരമായി തുടരുന്നിടത്തോളം നിയമനടപടികൾ സ്വീകരിക്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ‘സംവാദ’ത്തിലൂടെയാണ് മുന്നോട്ടുപോകേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.