ഝാർഖണ്ഡിന്റെ ‘കേസരിയ കലാകന്ദിന്’ ജിഐ ടാഗ്; സംസ്ഥാനത്തിന്റെ മധുരപാരമ്പര്യത്തിന് ദേശീയ അംഗീകാരം

 
National

ഝാർഖണ്ഡിലെ കോഡർമ (ജുംരി തിലയ്യ) പ്രദേശത്തിന്റെ പ്രശസ്ത മധുരവിഭവമായ കേസരിയ കലാകന്ദിന് ഭൗമസൂചിക (Geographical Indication – GI) ടാഗ് ലഭിച്ചു. ഇതോടെ ജിഐ അംഗീകാരം നേടുന്ന ഝാർഖണ്ഡിലെ ആദ്യ മധുരവിഭവമായി കേസരിയ കലാകന്ദ് മാറി. 

പാൽ, കുങ്കുമപ്പൂവ് എന്നിവയുടെ പ്രത്യേക രുചിക്കൂട്ടിൽ തയ്യാറാക്കുന്ന കേസരിയ കലാകന്ദ് പതിറ്റാണ്ടുകളായി കോഡർമയുടെ പാരമ്പര്യവിഭവമാണ്. 1960-കളിൽ ആരംഭിച്ച ഇതിന്റെ നിർമ്മാണം ഇന്ന് പ്രദേശത്തിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറിയിട്ടുണ്ട്. 

ജിഐ ടാഗ് ലഭിച്ചതോടെ ഉൽപ്പന്നത്തിന്റെ വ്യാജനിർമാണം തടയാനും ദേശീയ-അന്തർദേശീയ വിപണികളിൽ കൂടുതൽ അംഗീകാരം നേടാനും സഹായിക്കും. ഇതിലൂടെ പ്രാദേശിക മധുരനിർമാതാക്കൾക്കും ക്ഷീരമേഖലയ്ക്കും തൊഴിൽ അവസരങ്ങൾ വർധിക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. കൂടാതെ, കേസരിയ കലാകന്ദ് ഉൾപ്പെടെ ഝാർഖണ്ഡിലെ 11 പരമ്പരാഗത ഉൽപ്പന്നങ്ങൾക്കാണ് ഇത്തവണ ജിഐ അംഗീകാരം ലഭിച്ചിരിക്കുന്നത്.