ജെപിഎസ്‌സി-ജെഎസ്എസ്‌സി നിയമന വിവാദം; നിയമസഭയിലേക്ക് വിദ്യാർഥികളുടെ മാർച്ച് ഇന്ന്

 
National

ജാർഖണ്ഡിൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (JSSC) എന്നിവയുടെ നിയമന പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് വിദ്യാർഥികളും സർക്കാർ ജോലി ഉദ്യോഗാർഥികളും നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് റാഞ്ചിയിലെ നിയമസഭയിലേക്ക് മാർച്ച് നടത്താനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന സമരത്തിൽ പരീക്ഷകൾ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കുക, അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. നിരവധി വിദ്യാർഥികൾ നിരാഹാര സമരവും തുടരുന്നുണ്ട്.

പ്രതിഷേധം കണക്കിലെടുത്ത് റാഞ്ചിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സമരക്കാരുമായി ചർച്ച നടത്താൻ 11 അംഗ പ്രതിനിധിസംഘം രൂപീകരിച്ചതായും, സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനകൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.