13,000 അടി ഉയരത്തിൽ ത്രിവർണ പതാകയുമായി ചാട്ടം; മൂന്ന് ഇന്ത്യൻ പ്രവാസികൾക്ക് ഗിന്നസ് ലോക റെക്കോർഡ്
ലിബിയയിൽ 13,000 അടി ഉയരത്തിൽ നിന്ന് ഇന്ത്യൻ ത്രിവർണ പതാകയുമായി സ്കൈഡൈവിങ് നടത്തി മൂന്ന് ഇന്ത്യൻ പ്രവാസികൾ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി. യുഎഇയിൽ താമസിക്കുന്ന ജംഷീർ തനലോട്ട്, അഭിഷേക് റാവത്ത്, ഇഷ രാജ് എന്നിവരാണ് ചരിത്രനേട്ടത്തിന്റെ ഭാഗമായത്.
ലിബിയയിലെ ബെംഗാസിയിൽ ഓഗസ്റ്റ് ഏഴിനായിരുന്നു റെക്കോർഡ് ശ്രമം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65 സ്കൈഡൈവർമാരാണ് ഒരേ വിമാനത്തിൽ നിന്ന് 13,000 അടി ഉയരത്തിൽ ചാടി അതത് രാജ്യങ്ങളുടെ പതാകകൾ ഉയർത്തിയത്. ഏകദേശം 38 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ചാട്ടത്തിൽ 35ഓളം ദേശീയ പതാകകൾ ആകാശത്ത് പാറി.
ഓരോ സ്കൈഡൈവറും പാരച്യൂട്ട് തുറന്ന ശേഷം ദേശീയ പതാകകൾ വിരിക്കുകയും മറ്റ് സ്കൈഡൈവർമാരുമായി സുരക്ഷിത അകലം പാലിക്കുകയും നിശ്ചിത ലാൻഡിങ് മേഖലയ്ക്കുള്ളിൽ തന്നെ ഇറങ്ങുകയും വേണമായിരുന്നു. പതാക പാരച്യൂട്ടിലോ അതിന്റെ കയറുകളിലോ കുടുങ്ങാനുള്ള സാധ്യതയും വലിയ വെല്ലുവിളിയായിരുന്നു.
കണ്ണൂർ സ്വദേശിയായ ജംഷീർ തനലോട്ടിന് 320-ലേറെ സ്കൈഡൈവിങ് ജമ്പുകളുണ്ട്. ഗോരഖ്പൂർ സ്വദേശിയായ അഭിഷേക് റാവത്തിനും പട്‌ന സ്വദേശിനിയായ ഇഷ രാജിനും സ്കൈഡൈവിങിൽ മികച്ച പരിചയസമ്പത്തുണ്ട്. അഭിഷേകും ഇഷയും ഭാര്യാഭർത്താക്കന്മാരാണ്.
ഓഗസ്റ്റ് ഏഴിന് നടന്ന ശ്രമത്തിന്റെ തെളിവുകൾ പരിശോധിച്ച ശേഷമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഓഗസ്റ്റ് 14ന് നേട്ടം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് റെക്കോർഡ് സ്ഥിരീകരിച്ചതോടെ നേട്ടത്തിന് കൂടുതൽ പ്രത്യേകത ലഭിച്ചു.