മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ജങ്ക് ഫുഡിന് വിലക്ക്; എഫ്ഡിഎയുടെ കർശന നടപടിക്ക് കാരണം എന്ത്?
മഹാരാഷ്ട്രയിലെ സ്കൂളുകളിലും സ്കൂൾ പരിസരത്തെ 50 മീറ്റർ പരിധിയിലും ജങ്ക് ഫുഡിന്റെ വിൽപ്പന, സൗജന്യ വിതരണം, പരസ്യം എന്നിവ സംസ്ഥാന ഭക്ഷ്യ-ഔഷധ ഭരണകൂടം (FDA) നിരോധിച്ചു. കുട്ടികളിൽ വർധിച്ചുവരുന്ന അമിതവണ്ണം, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് ഈ നടപടിക്ക് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വടപാവ്, സമോസ, ചിപ്സ്, ചോക്ലേറ്റ്, ഐസ്ക്രീം, ശീതളപാനീയങ്ങൾ, അമിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് (HFSS) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കാണ് വിലക്ക്. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ഏകദേശം 1.08 ലക്ഷം സ്കൂളുകൾക്കും രണ്ട് കോടിയിലധികം വിദ്യാർഥികൾക്കും പുതിയ ഉത്തരവ് ബാധകമാണ്.
സ്കൂൾ കാന്റീനുകൾ, ഹോസ്റ്റൽ അടുക്കളകൾ, ഉച്ചഭക്ഷണ വിതരണക്കാർ എന്നിവർക്കെല്ലാം നിർബന്ധമായും ഭക്ഷ്യസുരക്ഷാ ലൈസൻസ് (FSSAI) വേണമെന്നും എഫ്ഡിഎ നിർദേശിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കേണ്ട ഉത്തരവാദിത്തം സ്കൂൾ പ്രിൻസിപ്പൽമാർക്കും മാനേജ്മെന്റുകൾക്കുമാണെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.