ജസ്റ്റിസ് രവീന്ദ്ര വിത്തൽറാവു ഘുഗെ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

 
National

ജസ്റ്റിസ് രവീന്ദ്ര വിത്തൽറാവു ഘുഗെ കൽക്കട്ട ഹൈക്കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പശ്ചിമ ബംഗാൾ ഗവർണർ ആർ. എൻ. രവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കൽക്കട്ട ഹൈക്കോടതിയിലെ കോടതി റൂം ഒന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സുഭേന്ദു അധികാരി, നിയമസഭാ സ്പീക്കർ രതീന്ദ്രനാഥ് ബോസ് തുടങ്ങിയവർ പങ്കെടുത്തു. 

നേരത്തെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഘുഗെയെ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ നിയമനം അംഗീകരിച്ചു. 

1990ൽ നിയമവൃത്തിയിൽ പ്രവേശിച്ച അദ്ദേഹം 2013 ജൂൺ 21ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ, ആദ്യതലമുറ അഭിഭാഷകനായി സൈക്കിളിൽ നിയമകോളേജിലെത്തിയ കാലം ഓർമിച്ച ജസ്റ്റിസ് ഘുഗെ, കഠിനാധ്വാനവും ആത്മാർഥതയും അർപ്പണബോധവും ഉയർന്ന നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് പറഞ്ഞു.