പാക് ഡിസൈനർ ഫറാസ് മനനൊപ്പം ഫോട്ടോകൾ പങ്കുവെച്ചതിന് കരീന കപൂറിന് വിമർശനം

മുംബൈ: ദുബായിൽ പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ എടുത്തതിന് ബോളിവുഡ് നടി കരീന കപൂറിനെതിരെ സൈബർ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടും കരീന ചിത്രം എടുത്തതാണ് വിമർശകരെ ചൊടിപ്പിച്ചത്.
ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ വിനോദസഞ്ചാരികളെ വെടിവച്ചു കൊന്നു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരപരാധികളെ കൊന്നതിന് പാകിസ്ഥാനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സമയത്താണ് കരീന ഡിസൈനറുമൊത്തുള്ള ചിത്രം പങ്കിട്ടത്.
ഏപ്രിൽ 27 ന് ഡിസൈനർ ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കരീന കപൂറുമൊത്തുള്ള ഒരു ചിത്രം പങ്കിട്ടു. കരീനയും ഈ ചിത്രം പങ്കിട്ടിരുന്നു. ഈ ചിത്രം അടുത്തിടെ ദുബായിൽ എടുത്തതാണോ അതോ മുമ്പ് എടുത്തതാണോ എന്ന് വ്യക്തമല്ല. പശ്ചാത്തലം ദുബായിലെ ഒരു വലിയ ഹോട്ടലിന്റെ ചിത്രമാണ്.
‘ഒജിയുമായി’ എന്ന അടിക്കുറിപ്പോടെ ഫറാസ് മനൻ ചിത്രം പങ്കിട്ടു. ഫറാസിന്റെ ടീമും ചിത്രത്തിലുണ്ട്. കരീന കപൂറിനെ കൂടാതെ, നടിമാരായ കിയാര അദ്വാനി, അദിതി റാവു ഹൈദരി താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറാ അലി ഖാൻ, ജാൻവി കപൂർ, മഹീപ് കപൂർ, കാർത്തിക് ആര്യൻ, പുൽകിത് സാമ്രാട്ട്, അദാർ ജെയിൻ എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ ഫറാസിനെ പിന്തുടരുന്നത്.
ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകൾ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ഫ് അലി ഖാനുമായുള്ള അവരുടെ വിവാഹത്തെ പോലും വിമർശിച്ചു. പലരും അവരുടെ സിനിമകൾ കാണരുതെന്നും അവർ പ്രോത്സാഹിപ്പിക്കുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നിരുന്നാലും കരീന ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.