കർണാടകയിൽ ഗുട്ക, പുകയില, നിക്കോട്ടിൻ അടങ്ങിയ പാൻമസാലയ്ക്ക് ഒരു വർഷത്തേക്ക് നിരോധനം

 
National

കർണാടകയിൽ ഗുട്ക, പുകയില, നിക്കോട്ടിൻ അടങ്ങിയ പാൻമസാല ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ-മരുന്ന് ഭരണകൂടത്തിന്റെ നടപടി. 

നിരോധനം ഗുട്ക, പാൻമസാല എന്നിവയുടെ നിർമാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയ്ക്കും ബാധകമാണ്. ഉപഭോക്താക്കൾക്ക് പിന്നീട് കൂട്ടിച്ചേർത്ത് ഉപയോഗിക്കാനായി പ്രത്യേകം പാക്ക് ചെയ്ത് വിൽക്കുന്ന പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളും ഉത്തരവിന്റെ പരിധിയിൽ വരും. 

ഓഗസ്റ്റ് 10ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഒരു വർഷത്തേക്കാണ് നിരോധനം. നിരോധിത ഉൽപ്പന്നങ്ങളുടെ നിർമാണവും വിൽപ്പനയും തടയുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കിയിട്ടുണ്ട്. 

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗം കുറയ്ക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിരോധിത ഉൽപ്പന്നങ്ങളുടെ നിർമാണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.