കർണാടക ജയിൽ ചാടൽ; രക്ഷപ്പെട്ട മൂന്ന് ജീവപര്യന്തം തടവുകാരിൽ ഒരാൾക്ക് വെടിയേറ്റ് പിടിയിൽ, രണ്ടുപേർക്കായി വ്യാപക തെരച്ചിൽ
കർണാടകയിലെ കലബുരഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ജീവപര്യന്തം തടവുകാരിൽ ഒരാളെ പൊലീസ് വെടിവെച്ച് പിടികൂടി. സന്തോഷ് ബസപ്പ മെട്രെ എന്ന തടവുകാരനാണ് പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കാലിൽ വെടിവെച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
മസ്താൻ, സന്തോഷ്, സാഗർ എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ കലബുരഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ബാരക്കിലെ ബാത്ത്റൂമിന്റെ ഗ്രിൽ മുറിച്ചശേഷം 20 അടി ഉയരമുള്ള ജയിൽമതിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം ജയിലിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
സന്തോഷിനെ ഹുമ്നാബാദ് റിങ് റോഡിന് സമീപത്ത് നടത്തിയ തിരച്ചിലിനിടെയാണ് പിടികൂടിയത്. രക്ഷപ്പെട്ട മറ്റുരണ്ടുപേരെ കണ്ടെത്താൻ കലബുരഗി, ബീദർ, യാദ്ഗിർ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രത്യേക പൊലീസ് സംഘങ്ങൾ വ്യാപക തെരച്ചിൽ തുടരുകയാണ്. ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയോ ആന്തരിക സഹായമോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.