കാർത്തിക ദീപം വിവാദം: തിരുപ്പരങ്കുൺട്രം ക്ഷേത്രവും കുന്നും എഎസ്ഐക്ക് കൈമാറണമെന്ന ഹർജിയെ എതിർത്ത് തമിഴ്നാട് സർക്കാർ
കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തിരുപ്പരങ്കുൺട്രം വിവാദത്തിൽ സുപ്രീംകോടതിയിൽ നിർണായക നിലപാടുമായി തമിഴ്നാട് സർക്കാർ. മധുരയിലെ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും തിരുപ്പരങ്കുൺട്രം കുന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നിയന്ത്രണത്തിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ സർക്കാർ ശക്തമായി എതിർത്തു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നിലവിലുള്ള മതപരമായ ആചാരങ്ങളും ദീർഘകാലത്തെ കോടതി നടപടികളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണെന്നാണ് സർക്കാരിന്റെ വാദം.
കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ആവശ്യമാണ് വിവാദത്തിന്റെ പ്രധാന കാരണം. വർഷങ്ങളായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് പരമ്പരാഗതമായി ദീപം തെളിയിച്ചുവരുന്നതെന്ന് തമിഴ്നാട് ഹിന്ദു മത-ധാർമിക എൻഡോവ്മെന്റ് വകുപ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദീപത്തൂണിൽ മുഴുവൻ സമയവും വിളക്ക് തെളിയിക്കണമെന്നും കാർത്തിക ദീപത്തോടനുബന്ധിച്ച് കുന്നാകെ ദീപങ്ങൾ തെളിയിക്കണമെന്നുമുള്ള ആവശ്യങ്ങളെയും സർക്കാർ എതിർത്തു.
1923ലെ സിവിൽ കോടതി വിധിയും 1931ലെ പ്രിവി കൗൺസിൽ തീരുമാനവും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ഭരണവും സ്വത്തുക്കളുടെ സംരക്ഷണവും നിലവിൽ നിയമപ്രകാരം ഹിന്ദു മത-ധാർമിക എൻഡോവ്മെന്റ് വകുപ്പിന്റെ ചുമതലയിലാണ്. ഈ അധികാരം എഎസ്ഐക്ക് കൈമാറാൻ നിയമപരമായ അടിസ്ഥാനമില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.