കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; ഡൽഹി മുഖ്യമന്ത്രിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

 
AK

ന്യൂഡൽഹി: എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇഡി ഇന്നലെ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി ഇഡി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. എക്‌സൈസ് നയം കുംഭകോണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കെജ്‌രിവാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

അതേസമയം, കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ എഎപി ആലോചിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരോട് രാവിലെ എഎപി ആസ്ഥാനത്ത് ഒത്തുകൂടാൻ നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാൾ അവകാശപ്പെടുന്നത്.

കെജ്രിവാളിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. കെജ്‌രിവാളിൻ്റെ കുടുംബവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. കോൺഗ്രസ് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ രാഹുൽ കെജ്‌രിവാളിനെ നേരിട്ട് കണ്ടേക്കും.

അതേസമയം, കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറെ സമീപിച്ചു. രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കെജ്‌രിവാൾ രാജിവെക്കില്ലെന്നും സർക്കാർ ജയിലിൽ നിന്ന് നയിക്കുമെന്നും മന്ത്രിയും എഎപിയുടെ മുതിർന്ന നേതാവുമായ അതിഷി മർലേന നേരത്തെ പറഞ്ഞിരുന്നു.