കേതൻ അഗർവാൾ കൊലക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്, സഹപ്രതിയായ ചേതന്റെ സഹപാഠിയും നിരീക്ഷണത്തിൽ

 
Crime

മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കേസിലെ സഹപ്രതിയായ ചേതൻ ചൗധരിയുടെ കോളേജ് സഹപാഠിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

ചേതന്റെ നീക്കങ്ങൾ, ഫോൺ ബന്ധങ്ങൾ, സംഭവത്തിന് മുമ്പും ശേഷവും നടത്തിയ ആശയവിനിമയങ്ങൾ എന്നിവയെക്കുറിച്ച് സഹപാഠിക്ക് വിവരങ്ങൾ ഉണ്ടായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കിയത്. ലഭിക്കുന്ന വിവരങ്ങൾ മറ്റ് ഡിജിറ്റൽ തെളിവുകളുമായി പരിശോധിച്ചുവരികയാണ്. 

അതേസമയം, കേസിലെ മുഖ്യപ്രതികളായ സിയ ഗോയലിനെയും ചേതൻ ചൗധരിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കാൻ നുണപരിശോധനയും നടപ്പുര പരിശോധനയും (ഗെയ്റ്റ് അനാലിസിസ്) ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താനുള്ള നടപടികളും പൊലീസ് തുടരുകയാണ്. 

കേതൻ അഗർവാളിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ പദ്ധതി തയ്യാറാക്കി പരിശീലനം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ നേരിട്ടുള്ള ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ, ഫൊറൻസിക് പരിശോധനാഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കേസിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്നും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടായിരുന്നോയെന്നും കണ്ടെത്തുന്നതിനായി അന്വേഷണം വിവിധ ദിശകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.