കേതൻ അഗർവാൾ കൊലക്കേസ്; 'സിയയുടെ ഫോൺ എപ്പോഴും ബിസി

പിതാവിന്റെ വെളിപ്പെടുത്തലോടെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്
 
Crime

പുണെയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ പുതിയ വിവരങ്ങളുമായി അന്വേഷണസംഘം. മരിക്കുന്നതിന് നാല് ദിവസം മുമ്പ് പ്രതിശ്രുതവധു സിയ ഗോയലിന്റെ ഫോൺ എപ്പോഴും 'ബിസി' ആയിരുന്നുവെന്നും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കേതൻ തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് പിതാവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 

സിയ ഗോയൽ നിരന്തരം 'ചേതൻ' എന്ന സുഹൃത്തിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും, ഇത് സംശയം വർധിപ്പിച്ചിരുന്നുവെന്നും പിതാവ് മൊഴിയിൽ പറയുന്നു. എന്നാൽ കുടുംബം അന്ന് കേതന്റെ സംശയങ്ങൾ ഗൗരവമായി എടുത്തിരുന്നില്ലെന്നും, വിവാഹനിശ്ചയം ഉറപ്പിച്ച ബന്ധമായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

പോലീസിന്റെ കണ്ടെത്തൽ പ്രകാരം, സിയ ഗോയലും സഹപ്രതിയായ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. 

പുതിയ മൊഴികളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുകൊണ്ട് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സിയയുടെയും ചേതന്റെയും ബന്ധം, സംഭവത്തിന് മുമ്പുള്ള ഫോൺവിളികൾ, സന്ദേശങ്ങൾ എന്നിവയും അന്വേഷണത്തിന്റെ പ്രധാന ഭാഗമായിട്ടുണ്ട്.