കെതൻ അഗർവാൾ കൊലപാതകം: വിഗ് ആയിരുന്നില്ല കൊലപാതകത്തിന് കാരണം

വിവാഹത്തിന് മുമ്പേ ഹെയർ പാച്ചിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിതാവ്
 
Nat

പൂനെയിൽ കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യവസായി കെതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 'വിഗ്' അഥവാ ഹെയർ പാച്ച് വിവാദം ഉയർന്ന സാഹചര്യത്തിൽ, കെതന്റെ പിതാവ് വിശാൽ അഗർവാൾ ആരോപണങ്ങൾ തള്ളി. മകന്റെ ഹെയർ പാച്ചിനെക്കുറിച്ച് വധുവായിരുന്ന സിയ ഗോയലിന്റെയും കുടുംബത്തിന്റെയും അറിവിലുണ്ടായിരുന്നുവെന്നും അത് മറച്ചുവെച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

"എന്റെ മകൻ ഹെയർ പാച്ച് ഉപയോഗിച്ചിരുന്നതായി വിവാഹനിശ്ചയത്തിന് മുമ്പുതന്നെ സിയയുടെ കുടുംബത്തിന് അറിയാമായിരുന്നു. അത്തരമൊരു കാരണത്തിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്താൻ കഴിയുമോ?" എന്നായിരുന്നു പിതാവിന്റെ ചോദ്യം. ഈ വാദം കൊലപാതകത്തിന് ന്യായീകരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കേസിൽ അറസ്റ്റിലായ സിയ ഗോയലിനെയും സഹപ്രതിയായ ചേതൻ ചൗധരിയെയും ചോദ്യം ചെയ്തതിൽ, കൊലപാതകത്തിന് ചേതൻ സിയയെ പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ലോഹഗഡ് കോട്ടയിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് കെതനെ തള്ളിയിട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.