കൊൽക്കത്ത ടരാട്ടല ഗോഡൗൺ തകർച്ച; മരണസംഖ്യ 8 ആയി, ഉടമയും എൻജിനീയറും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ടരാട്ടല പ്രദേശത്ത് നിർമാണത്തിലിരുന്ന വൻ ഗോഡൗൺ തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ എട്ടായി ഉയർന്നു. അപകടത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റതായും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഏകദേശം 32,000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്ന് നില ഗോഡൗണിന്റെ ഭാഗമാണ് തകർന്നുവീണത്. അപകടസമയത്ത് 40 മുതൽ 60 വരെ തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. കൂറ്റൻ കോൺക്രീറ്റ് സ്ലാബുകളും ഇരുമ്പ് ബീമുകളും തകർന്നുവീണതോടെ നിരവധി പേർ കുടുങ്ങുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന, സൈന്യം, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഗോഡൗൺ ഉടമ, എൻജിനീയർ, നിർമാണവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് പേർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലെ ഗുരുതര വീഴ്ചകളും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തെ തുടർന്ന് സംസ്ഥാന സർക്കാർ കൊൽക്കത്ത മുനിസിപ്പൽ പരിധിയിലെ നിർമാണ പദ്ധതികളിൽ വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.