ലിഫ്റ്റ് അപകടങ്ങൾ: ഉത്തരവാദിത്തം നിർണയിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി
ലിഫ്റ്റ് അപകടങ്ങളിൽ നിർമ്മാതാവിനും പരിപാലന ഏജൻസിക്കും കെട്ടിട ഉടമയ്ക്കും സംയുക്ത ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി നിർണായക വിധിയിൽ വ്യക്തമാക്കി. അപകടമുണ്ടായാൽ ആരുടെ വീഴ്ച എത്രയെന്ന് ആദ്യം തെളിയിക്കേണ്ട ബാധ്യത ഉപഭോക്താവിനില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് അറാധെയും ഉൾപ്പെട്ട ബെഞ്ച്, 2003-ൽ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വിപിൻ ഹണ്ട ലിഫ്റ്റ് അപകടത്തിൽ മരിച്ച കേസിലാണ് ഈ വിധി പുറപ്പെടുവിച്ചത്. ലിഫ്റ്റിനെ "കോമൺ കാരിയർ" ആയി കണക്കാക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പ്രാഥമിക ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.
ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ (NCDRC) വിധിച്ച ₹3.01 കോടി നഷ്ടപരിഹാരവും 9 ശതമാനം പലിശയും സുപ്രീംകോടതി ശരിവച്ചു. ഈ കേസിൽ ലിഫ്റ്റ് നിർമാതാവായ കമ്പനിക്ക് 70 ശതമാനവും, മിലിട്ടറി എൻജിനീയറിങ് സർവീസിന് 25 ശതമാനവും, സർക്കാർ വകുപ്പിന് 5 ശതമാനവും ബാധ്യത നിശ്ചയിച്ചു.