ഇൻസ്റ്റാമാർട്ടിലൂടെ ഇനി എൽപിജി സിലിണ്ടറും വീട്ടിലെത്തും

എച്ച്പിസിഎല്ലിന്റെ ക്വിക്ക് കൊമേഴ്‌സ് സേവനത്തിന് തുടക്കം
 
LPG

പാചകവാതക സിലിണ്ടർ വാങ്ങാൻ ഇനി ഗ്യാസ് ഏജൻസിയെ ആശ്രയിക്കേണ്ടതില്ല. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) ചേർന്ന് രാജ്യത്തെ ആദ്യ ഓൺ-ഡിമാൻഡ് എൽപിജി സിലിണ്ടർ ഡെലിവറി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് വഴി 10 കിലോ 'HP Navya' കോമ്പോസിറ്റ് സിലിണ്ടറും 5 കിലോ മെറ്റൽ സിലിണ്ടറും ഓർഡർ ചെയ്യാം. നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം ഉപയോഗിക്കാനാകും. ആദ്യ ഓർഡറിന് തിരിച്ചറിയൽ രേഖ പരിശോധിക്കും. പിന്നീട് റീഫിൽ ഓർഡറുകളിൽ ഒഴിഞ്ഞ സിലിണ്ടർ തിരികെ വാങ്ങിയാണ് പുതിയത് കൈമാറുക. 

ഇൻസ്റ്റാമാർട്ടിന്റെ സ്വന്തം ഡെലിവറി ജീവനക്കാരല്ല, എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണക്കാരാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിലിണ്ടർ എത്തിക്കുക. ബെംഗളൂരുവിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ഈ സേവനം വിജയകരമായാൽ മറ്റ് നഗരങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് കമ്പനികൾ അറിയിച്ചു.