പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

 
Sc

തമിഴ്നാട്ടിൽ പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച് ഇടക്കാല സ്റ്റേ അനുവദിക്കുകയും എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തത്.

പൊതുസ്ഥലങ്ങളിലെ അറവ് തടയണമെന്ന ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാനമൊട്ടാകെ പശുക്കളുടെയും കിടാവുകളുടെയും അറവിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ ഉത്തരവിറക്കിയത്. എന്നാൽ, ഇത് ഹർജിയുടെ പരിധിക്കപ്പുറമുള്ള ഉത്തരവാണെന്നും തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിലുള്ള നിയമപ്രകാരം നിശ്ചിത വ്യവസ്ഥകൾ പാലിച്ച് അംഗീകൃത അറവുശാലകളിൽ കന്നുകാലി അറവ് അനുവദനീയമാണെന്നും, ഹൈക്കോടതിയുടെ ഉത്തരവ് ആ നിയമപരമായ സംവിധാനത്തെ തന്നെ ബാധിക്കുന്നതാണെന്നും സർക്കാർ വാദിച്ചു. ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കാനിരിക്കെയാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിന്റെ പ്രാബല്യം താൽക്കാലികമായി തടഞ്ഞത്.