സ്കൂളുകൾക്ക് 500 മീറ്റർ ചുറ്റളവിൽ എനർജി ഡ്രിങ്ക് വിൽപ്പന നിരോധിച്ച് മഹാരാഷ്ട്ര
സ്കൂളുകൾക്ക് 500 മീറ്റർ ചുറ്റളവിൽ എനർജി ഡ്രിങ്കുകളും സമാന ഉത്തേജക പാനീയങ്ങളും വിൽക്കുന്നത് മഹാരാഷ്ട്ര സർക്കാർ നിരോധിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
സംസ്ഥാന നിയമസഭയിൽ ഭക്ഷ്യ-മരുന്ന് ഭരണ വകുപ്പ് മന്ത്രി നർഹരി സിർവാൾ പ്രഖ്യാപിച്ച തീരുമാനപ്രകാരം, 'സ്റ്റിംഗ്' ഉൾപ്പെടെയുള്ള എനർജി ഡ്രിങ്കുകളുടെയും മറ്റ് ലഹരി സ്വഭാവമുള്ള ഉൽപ്പന്നങ്ങളുടെയും വിൽപ്പന സ്കൂളുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഇത് നടപ്പാക്കാൻ ഭക്ഷ്യ-മരുന്ന് ഭരണ വകുപ്പിന് (FDA) നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളിൽ ഇത്തരം പാനീയങ്ങളുടെ ഉപയോഗം വർധിക്കുന്നതും ഉയർന്ന കഫീൻ, പഞ്ചസാര അളവ് ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുമാണ് തീരുമാനത്തിന് പിന്നിൽ. വിദ്യാർഥികൾക്കിടയിൽ എനർജി ഡ്രിങ്കുകളുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികളും ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.