മഹാരാഷ്ട്രയിൽ ഓഗസ്റ്റ് 1 മുതൽ ഡ്രൈവിംഗ് ലൈസൻസിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും
മഹാരാഷ്ട്രയിൽ ഓഗസ്റ്റ് 1 മുതൽ ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഡൊമിസൈൽ (സ്ഥിരതാമസ) സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലൈസൻസ് അനുവദിക്കുന്ന നടപടിക്രമം കൂടുതൽ സുതാര്യമാക്കുന്നതിനായാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് ഗതാഗതമന്ത്രി പ്രതാപ് സർണായിക് നിയമസഭയിൽ അറിയിച്ചു.
പുതിയ ചട്ടങ്ങളുടെ കരട് നിയമ-നീതിന്യായ വകുപ്പിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും ആവശ്യമായ അനുമതി ലഭിച്ചാൽ ഓഗസ്റ്റ് 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയിലെ ചോദ്യോത്തര വേളയിൽ എംഎൽഎ ദിലീപ് ലാൻഡെ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അനധികൃത ബൈക്ക് ടാക്സി സർവീസുകൾക്കെതിരെ സർക്കാർ നടപടി തുടരുകയാണെന്നും അതേസമയം അവയെ നിയമപരമായി നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടക്കൂടും തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബൈക്ക് ടാക്സി നയപ്രകാരം അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ സർവീസ് നടത്താനാകൂ. ഡ്രൈവർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസും മറ്റ് നിയമപരമായ യോഗ്യതകളും നിർബന്ധമായിരിക്കും. സുരക്ഷയും തൊഴിലവസരങ്ങളും സർക്കാർ വരുമാനവും വർധിപ്പിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ ലക്ഷക്കണക്കിന് ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്സികൾ മതിയായ നിയമപരമായ ചട്ടക്കൂടില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. പുതിയ നയം ഈ മേഖലയെ നിയന്ത്രണവിധേയമാക്കി യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.