തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ സമിതി പട്ടിക കൈമാറി മമത ബാനർജി; തൃണമൂലിലെ അധികാരപ്പോരിനിടെ നിർണായക നീക്കം

 
Nat

ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ കടുത്ത ഭിന്നതകൾക്കിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ദേശീയ പ്രവർത്തക സമിതിയുടെയും ഭാരവാഹികളുടെയും പുതിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. പാർട്ടിയുടെ ഔദ്യോഗിക അധ്യക്ഷ മമത തന്നെയാണെന്ന് വ്യക്തമാക്കുന്ന പട്ടികയാണ് കമ്മീഷന് കൈമാറിയിരിക്കുന്നത്. 

സമർപ്പിച്ച പട്ടികയിൽ സുബ്രത ബക്ഷി ദേശീയ വൈസ് ചെയർമാനായും അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായും (ലോക്‌സഭാ നേതാവ്) തുടരുന്നു. ഡെറക് ഒബ്രയൻ, ഡോള സെൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും സുഭാഷിഷ് ചക്രവർത്തി ട്രഷററുമായും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

അതേസമയം, പാർട്ടിയിലെ വിമതവിഭാഗം മമത ബാനർജിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതായി പ്രഖ്യാപിക്കുകയും മുൻമന്ത്രി അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതായി അവകാശപ്പെടുകയും ചെയ്തിരുന്നു. യഥാർത്ഥ തൃണമൂൽ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വിമതനേതാക്കൾ അറിയിച്ചു. 

ഈ സാഹചര്യത്തിലാണ് ഔദ്യോഗിക ദേശീയ സമിതി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് പാർട്ടിയുടെ സംഘടനാപരമായ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് മമത ബാനർജി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം.