'നടക്കാൻ പോകാത്ത വിവാഹം'; കേതൻ അഗർവാൾ കൊലക്കേസിൽ നിർണായകമെന്ന് കരുതുന്ന സ്നാപ്ചാറ്റ് സന്ദേശം പുറത്ത്

 
Nat

പൂനെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായി സ്നാപ്ചാറ്റിലെ ഒരു സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതിയായ സിയ ഗോയൽ സുഹൃത്തിന് അയച്ചതായി പറയപ്പെടുന്ന സന്ദേശത്തിൽ, "നടക്കാൻ പോകാത്ത വിവാഹത്തിനുള്ള ടിക്കറ്റാണ്" എന്ന പരാമർശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

വിവാഹത്തിനായുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ കാർഡിന്റെ മുൻവശവും പിൻവശവും അയച്ചുതരാൻ ആവശ്യപ്പെടുന്നതിനോടൊപ്പം, "നടക്കാൻ പോകാത്ത വിവാഹം" എന്ന വാചകവും സന്ദേശത്തിലുണ്ടെന്നാണ് പുറത്തുവന്ന വിവരം. ഈ ചാറ്റിന്റെ ആധികാരികതയും കേസുമായുള്ള ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്. 

കേതൻ അഗർവാളിനെ കൊലപ്പെടുത്തിയെന്ന കേസിൽ സിയ ഗോയലും സഹപ്രതി ചേതൻ ചൗധരിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും രഹസ്യ കോഡ് ഭാഷയിൽ നടന്ന ചാറ്റുകളും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്നാപ്ചാറ്റ് സ്ക്രീൻഷോട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. തെളിവുകളുടെ വിശ്വാസ്യത പരിശോധിച്ച ശേഷമേ അതിന്റെ നിയമപരമായ പ്രാധാന്യം സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ.