ബംഗ്ലാദേശ് വഴിയുള്ള സ്വർണക്കടത്തിനെതിരെ വൻ നടപടി; 17 കോടി രൂപയുടെ സ്വർണം പിടികൂടി
ബംഗ്ലാദേശ് അതിർത്തി വഴിയുള്ള വിദേശ സ്വർണക്കടത്ത് തടയുന്നതിനായി നടത്തിയ പരിശോധനകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (DRI) അതിർത്തി സുരക്ഷാ സേനയും (BSF) ചേർന്ന് ഏകദേശം 12 കിലോഗ്രാം സ്വർണം പിടികൂടി. ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന വിദേശ സ്വർണമാണ് വിവിധ ഓപ്പറേഷനുകളിലായി പിടിച്ചെടുത്തത്. പശ്ചിമ ബംഗാളിലും ബിഹാറിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.
പശ്ചിമ ബംഗാളിലെ ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപം നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.15 കിലോഗ്രാം വിദേശ സ്വർണം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മറ്റൊരു പരിശോധനയിൽ അതിർത്തി വേലിക്ക് സമീപം ഒളിപ്പിച്ചിരുന്ന 24 കാരറ്റ് സ്വർണവും പിടികൂടി. ഇവ പിന്നീട് DRI ഏറ്റെടുത്ത് കസ്റ്റംസ് നിയമപ്രകാരം നടപടികൾ സ്വീകരിച്ചു.
ഇതിന് പുറമെ അതിർത്തി വേലിക്ക് സമീപം നടത്തിയ മറ്റൊരു പരിശോധനയിൽ ഏകദേശം 5.9 കിലോഗ്രാം ഭാരമുള്ള വിദേശ സ്വർണ ബാറുകളും കണ്ടെത്തിയിരുന്നു. ബിഹാറിലെ പട്‌നയിൽ ട്രെയിൻ യാത്രക്കാരനിൽ നിന്ന് ഏകദേശം 1.71 കിലോഗ്രാം സ്വർണവും പിടികൂടി. ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ–ബംഗ്ലാദേശ് അതിർത്തി വഴിയുള്ള സ്വർണക്കടത്ത് ശൃംഖലകളെ തടയുന്നതിനായി DRIയും BSFയും നടത്തുന്ന തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സ്വർണം ഇന്ത്യയിലേക്ക് എത്തിക്കുന്നതിലും വിവിധ സ്ഥലങ്ങളിലേക്ക് കൈമാറുന്നതിലും പ്രവർത്തിക്കുന്ന ശൃംഖലകളെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം, കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികൾ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അതിർത്തി മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.