ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം ജീവനക്കാർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സിൻ്റെ നിർമാണ യൂണിറ്റിൽ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ വൻ തീപിടിത്തം. യൂണിറ്റിലെ സെൽഫോൺ നിർമാണ വിഭാഗത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. സംഭവത്തോടെ തൊഴിലാളികളെ യൂണിറ്റിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തീപിടിത്തത്തെ തുടർന്ന് നിർമാണ യൂണിറ്റിലുടനീളം കനത്ത പുക പടർന്നതോടെ തൊഴിലാളികളും പരിസരവാസികളും പരിഭ്രാന്തരായി. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തം നടക്കുമ്പോൾ കമ്പനിയിൽ 1500 തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടിലെ ഒരു നിർമാണ യൂണിറ്റിൽ തീപിടിത്തമുണ്ടായതായി ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചു.
ജീവനക്കാരുടെ സംരക്ഷണത്തിന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ശ്വാസ തടസ്സത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.