സഞ്ജൗളി കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ; വീടുകൾ തകർച്ചാഭീഷണിയിൽ, ആളുകളെ ഒഴിപ്പിച്ചു

 
National

ഹിമാചൽ പ്രദേശിലെ ഷിംലയിലെ സഞ്ജൗളി കോളേജിന് സമീപമുള്ള ബോത്ത്വെൽ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർച്ചാഭീഷണിയിലായി. പുലർച്ചെ 4 മണിയോടെയുണ്ടായ അപകടത്തെ തുടർന്ന് പ്രദേശവാസികൾ വീടുകൾ വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

റോഡിന് മുകളിലെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് മണ്ണും പാറയും താഴേക്ക് പതിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്. ഇതോടെ നിരവധി വീടുകളിലേക്കുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെടുകയും മൂന്ന് മുതൽ നാല് വരെ കെട്ടിടങ്ങൾ അതീവ അപകട മേഖലയിലാകുകയും ചെയ്തു. 

പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുൻകരുതലെന്ന നിലയിൽ അപകടഭീഷണിയുള്ള വീടുകളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.