കുടിയേറ്റം അവസാനിച്ചു, ജനസംഖ്യ വർധിച്ചു’; ചൈന അതിർത്തിയിലെ 40 ഗ്രാമങ്ങളിൽ വികസന മുന്നേറ്റമെന്ന് അമിത് ഷാ
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ 40 ഗ്രാമങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയേറ്റം അവസാനിച്ചതായും ജനസംഖ്യ വർധിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൈദ്യുതി, തൊഴിൽ, ആരോഗ്യപരിരക്ഷ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാനഗറിൽ നടന്ന സഹകരണ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) പ്രാദേശിക സഹകരണ സംഘങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. നേരത്തെ തേസ്പുർ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽനിന്നായിരുന്നു സൈനിക വിഭാഗങ്ങൾക്കാവശ്യമായ പല ഉൽപ്പന്നങ്ങളും എത്തിച്ചിരുന്നത്. പുതിയ നിർദേശത്തിലൂടെ ഗ്രാമീണ ഉൽപ്പാദകർക്കും സഹകരണ സംഘങ്ങൾക്കും കൂടുതൽ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷ.
അരുണാചലിലെ വനിതാ സഹകരണ സംഘങ്ങൾ വഴി പാൽ ഉൽപ്പന്നങ്ങൾ, മുട്ട, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, മാവ് തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ടെന്നും ഇത് ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തമാക്കാൻ സഹകരണ സ്ഥാപനങ്ങളും വനിതാ സ്വയംസഹായ സംഘങ്ങളും മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവയാണ് വികസനത്തിന്റെ പ്രധാന മുൻഗണനകളെന്നും അദ്ദേഹം വ്യക്തമാക്കി.
വൈബ്രന്റ് വില്ലേജസ് പദ്ധതിയുടെ ഭാഗമായി അരുണാചൽ പ്രദേശിലെ 11 അതിർത്തി ജില്ലകളിലായി 110.95 കോടി രൂപയുടെ 199 വികസന പദ്ധതികൾക്കും അമിത് ഷാ തുടക്കം കുറിച്ചു. കൂടാതെ സഹകരണ മേഖലയുടെ ദീർഘകാല വികസനം ലക്ഷ്യമിട്ട് അരുണാചൽ പ്രദേശ് കോ-ഓപ്പറേറ്റീവ് വിഷൻ 2047നും അദ്ദേഹം തുടക്കം കുറിച്ചു. ചൈനയുമായി ഏകദേശം 1,126 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യ വികസനവും സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം അവലോകനം ചെയ്തു.