‘എംഎൽഎമാർക്ക് കാറുകൾ ആവശ്യമില്ല’; വിജയ് സർക്കാരിന്റെ പദ്ധതിക്കെതിരെ പ്രതിപക്ഷം

 
National

തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ വാഹനം നൽകാനുള്ള മുഖ്യമന്ത്രി വിജയിന്റെ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. എംഎൽഎമാർക്ക് കാറുകൾ നൽകുന്നത് അനാവശ്യ ചെലവാണെന്നും പൊതുപണം ഇത്തരം ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷം ആരോപിച്ചു. 

234 എംഎൽഎമാർക്കും ഔദ്യോഗിക വാഹനം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. വാഹനത്തിന്റെ ഇന്ധനം, പരിപാലനം, ഡ്രൈവർ തുടങ്ങിയ ചെലവുകൾക്കായി പ്രതിമാസം 75,000 രൂപയും ഒരു അസിസ്റ്റന്റിനായി 25,000 രൂപയും ഉൾപ്പെടെ പ്രതിമാസം ഒരു ലക്ഷം രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. 

നിയോജകമണ്ഡലങ്ങളിൽ ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും സർക്കാർ പദ്ധതികളുടെ പ്രവർത്തനം നിരീക്ഷിക്കാനും എംഎൽഎമാർക്ക് യാത്രാസൗകര്യം ആവശ്യമാണെന്നാണ് സർക്കാർ വാദം. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ പലർക്കും സ്വന്തം വാഹനമില്ലെന്നതും തീരുമാനത്തിന് പിന്നിലെ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ സംസ്ഥാനത്തിന്റെ പൊതുധനത്തിൽ നിന്ന് എംഎൽഎമാർക്ക് വാഹനവും അധിക ആനുകൂല്യങ്ങളും നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഡിഎംകെയിലെ 59 എംഎൽഎമാർ സർക്കാർ വാഹനങ്ങൾ സ്വീകരിക്കില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്.