ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും ഇന്റർനെറ്റ് ഉപകരണങ്ങളും പിടികൂടി
2002ലെ കൊൽക്കത്ത അമേരിക്കൻ സെന്റർ ആക്രമണക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന അഫ്താബ് അൻസാരിയുടെ ജയിലിലെ സെല്ലിൽ നിന്ന് മൊബൈൽ ഫോണുകളും ഇന്റർനെറ്റ് ഉപകരണങ്ങളും പണവും പിടികൂടി. കൊൽക്കത്തയിലെ പ്രസിഡൻസി കറക്ഷണൽ ഹോമിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
അഫ്താബ് അൻസാരി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് ജയിലിൽ പരിശോധന നടത്തിയത്. മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് റൂട്ടറുകൾ, വൈ-ഫൈ ഉപകരണം, പെൻഡ്രൈവ്, ഇയർഫോൺ എന്നിവയാണ് പിടികൂടിയത്. വസ്ത്രങ്ങളിലും കിടക്കയിലുമാണ് ചില ഉപകരണങ്ങൾ കണ്ടെത്തിയത്.
ഇതിന് പുറമെ 500 രൂപയുടെ നോട്ടുകളായി 31,000 രൂപയും സെല്ലിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ജയിലിനുള്ളിൽ ഇത്തരം ഉപകരണങ്ങൾ എങ്ങനെ എത്തി, അഫ്താബ് ഇവ ഉപയോഗിച്ച് ആരുമായാണ് ആശയവിനിമയം നടത്തിയിരുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ ജയിൽ അധികൃതർ ഹേസ്റ്റിങ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഫോണുകൾ ഉപയോഗിച്ച് വിദേശത്തുള്ള ആരുമായെങ്കിലും അഫ്താബ് ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.