'മോദി-ഷാ ഭരണകൂടം തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി'; ചീഫ് ജസ്റ്റിസിന് കത്തയച്ച് പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യം ഗുരുതര ഭീഷണി നേരിടുകയാണെന്ന് ആരോപിച്ച് 23 പ്രതിപക്ഷ പാർട്ടികളും ഒരു സ്വതന്ത്ര എംപിയും ചേർന്ന് ചീഫ് ജസ്റ്റിസിന് കത്തയച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (SIR) നടപടികളിൽ അടക്കം ഗുരുതര ആശങ്കകളുണ്ടെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിലൂടെ കത്ത് പുറത്തുവിട്ടു. "മോദി-ഷാ ഭരണകൂടത്തിന്റെ കീഴിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യം ഏറ്റവും വലിയ ഭീഷണി നേരിടുകയാണ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയും ഭരണഘടനാ ചട്ടക്കൂട് സംരക്ഷിക്കുകയും ചെയ്യേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്" എന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 28-ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ എസ്‌ഐആർ നടപടിക്രമത്തിലെ പോരായ്മകൾ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാതപരമായ സമീപനം, മറ്റ് തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയതായി പ്രതിപക്ഷം അറിയിച്ചു. വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.