ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ കുരങ്ങിന്റെ തലയോട്ടി; യാത്ര തടഞ്ഞ് പൊലീസ്
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ നിന്ന് കുരങ്ങിന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. ഹൈദരാബാദിലേക്ക് പോകാനിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നാണ് സുരക്ഷാ പരിശോധനയ്ക്കിടെ തലയോട്ടി കണ്ടെത്തിയത്.
പ്രീ-എംബാർക്കേഷൻ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനുള്ളിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് CISF ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് തലയോട്ടി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ ഇത് കുരങ്ങിന്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ പറഞ്ഞതായി അധികൃതർ അറിയിച്ചു.
തുടർന്ന് യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിക്കാതെ ഡൽഹി പൊലീസിന് കൈമാറി. കണ്ടെത്തിയ തലയോട്ടി പരിശോധനയ്ക്കായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. യഥാർഥത്തിൽ ഇത് കുരങ്ങിന്റേതാണോ എന്നതും അന്വേഷണത്തിൽ സ്ഥിരീകരിക്കും.
തലയോട്ടി എവിടെ നിന്നാണ് ലഭിച്ചതെന്നും ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് അത് കൊണ്ടുപോകാൻ കാരണമെന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വന്യജീവിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ Wildlife (Protection) Act, 1972 പ്രകാരമുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.