18-25 വയസ്സുകാരിൽ 7,000-ത്തിലധികം എച്ച്ഐവി കേസുകൾ

കോളേജുകളിൽ പരിശോധനാ ക്യാമ്പുമായി കർണാടക സർക്കാർ
 
National

18 മുതൽ 25 വയസ്സ് വരെയുള്ള 7,000-ത്തിലധികം യുവാക്കളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഡിഗ്രി കോളേജുകളിൽ എച്ച്ഐവി പരിശോധനയും കൗൺസലിംഗും ഉൾപ്പെടുന്ന സംയോജിത ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. പരിശോധന വിദ്യാർഥികളുടെ സമ്മതത്തോടെയായിരിക്കും നടത്തുക. 

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) റിപ്പോർട്ട് പ്രകാരം, എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്ത് ഏകദേശം 2.6 ലക്ഷം പേർ എച്ച്ഐവിയുമായി ജീവിക്കുന്നുണ്ടെങ്കിലും, അവരിൽ 54,000-ത്തോളം പേർക്ക് സ്വന്തം രോഗബാധയെക്കുറിച്ച് അറിയില്ലെന്നാണ് കണക്ക്. 

18 മുതൽ 35 വയസ്സ് വരെയുള്ളവരിൽ രോഗവ്യാപനം വേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കോളേജുകളെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവും സ്വമേധയാ പരിശോധനയും ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ആരോഗ്യ ക്യാമ്പുകളിൽ എച്ച്ഐവി പരിശോധനയ്‌ക്കൊപ്പം കൗൺസലിംഗ്, അവബോധ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.