എംപിമാർക്കും എംഎൽഎമാർക്കും പ്രത്യേക സംരക്ഷണം നൽകാനാവില്ല; സുപ്രീം കോടതി

 
Supreme Court

ന്യൂഡൽഹി: വോട്ടിനായി കൈക്കൂലി വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും പ്രത്യേക സംരക്ഷണം നൽകാനാവില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 1998ലെ വിധി റദ്ദാക്കിയത്. വോട്ടിനായി കൈക്കൂലി വാങ്ങുന്നത് ക്രിമിനൽ നടപടിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഴിമതിക്കേസുകളിൽ എംഎൽഎമാരെയും എംപിമാരെയും ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു.

കൈക്കൂലി പാർലമെൻ്ററി അവകാശങ്ങളാൽ സംരക്ഷിക്കപ്പെടുന്നില്ലെന്നും 1998ലെ വിധിയുടെ വ്യാഖ്യാനം ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പ്രസംഗത്തിനും വോട്ടിനും കൈക്കൂലി നൽകുന്നത് ജനാധിപത്യത്തെ തകർക്കുന്നതിന് തുല്യമാണ്.

ഇത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പണം വാങ്ങി പാർലമെൻ്റിൽ വോട്ട് ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 105, 194 പ്രകാരം സംരക്ഷിക്കപ്പെടുമെന്ന് നരസിംഹറാവു കേസിലെ വിധി പറയുന്നു. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ 1998ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎംഎം നേതാവ് ഷിബു സോറൻ്റെ മരുമകൾ സീത സോറൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ ഇപ്പോൾ വിധി പ്രസ്താവിച്ചത്.