നീറ്റ്-യുജി വിവാദം പാർലമെന്റിൽ ചർച്ച ചെയ്യണം; റൂൾ 267 നോട്ടീസുമായി എഎപി, അടിയന്തര പ്രമേയവുമായി കോൺഗ്രസ്
നീറ്റ്-യുജി 2026 പരീക്ഷാ വിവാദവും വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ നീക്കവുമായി രംഗത്തെത്തി. രാജ്യസഭയിൽ എഎപി എംപി സഞ്ജയ് സിംഗ് റൂൾ 267 പ്രകാരം നോട്ടീസ് നൽകിയപ്പോൾ, ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾ സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയം സമർപ്പിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി എന്നിവ സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സഭയിൽ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയിലും രാജ്യസഭയിലും നടപടികൾ പലതവണ തടസ്സപ്പെട്ടു. നീറ്റ്-യുജി വിവാദം സംബന്ധിച്ച് ചർച്ച അനുവദിക്കാത്ത പക്ഷം മൺസൂൺ സമ്മേളനം തടസ്സപ്പെടുമെന്ന മുന്നറിയിപ്പും കോൺഗ്രസ് നേതൃത്വം നൽകി.